Tuesday 5 March 2013

ചെമ്മനം ജംങ്ഷൻ



തളിപ്പറമ്പ് സീയെല്ലെസ് ബുക്സിന്റെ  'കണ്ണാടിച്ചില്ലുകള്‍' (ശ്രീജ ബാലരാജ് ) എന്ന പുസ്തകത്തിന്റെ പ്രകാശനം  എറണാകുളത്തു വച്ചായിരുന്നു.എം കെ സാനുമാഷും ബാലചന്ദ്രൻ ചുള്ളിക്കാടും മുഖ്യാതിഥികളായിരുന്ന പ്രസ്തുത ചടങ്ങിൽ, കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരൻ എന്നിവർക്കൊപ്പം എന്റെ സുഹൃത്ത് ബാബു മാത്യുവും മുംബൈയിൽ നിന്നും ആശംസ നൽകാൻഎത്തിയിരുന്നു. 
അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരഭിമുഖത്തിനായി പിറ്റേന്ന് ഞങ്ങൾ ശ്രീ ചെമ്മനം ചാക്കോയെ  കാണുവാൻ പോയി.  വീട്ടിലേയ്ക്കുള്ള വഴി മുമ്പേ വിളിച്ചു ചോദിച്ച് അറിഞ്ഞിരുന്നതിനാൽ കവിയുടെ വസതിയിൽ എത്തിച്ചേരാൻ ഒട്ടും വിഷമം ഉണ്ടായില്ല.ഗേറ്റിനു മുന്നിൽ വഴി തിരിയുന്നിടത്ത് സ്ഥാപിച്ചിരുന്ന ഒരു ബോർഡ് ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. ചെമ്മനം ജംങ്ഷൻ.
മഹാന്മാരുടെ സ്മരണയ്ക്കായി  റോഡുകൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ പേരിടുന്നത് സാധാരണം.പക്ഷെ, ജീവിച്ചിരിക്കെ തന്നെ ഇങ്ങനെ ഒരു ആദരവ് അപൂർവമായേ  കേട്ടിട്ടുള്ളു.
    ശുഭ്രവസ്ത്ര ധാരിയായി അതിലും ശുഭ്രമായ ചിരിയോടെ മലയാളത്തിന്റെ ആ ആക്ഷേപഹാസ്യകാരനായ കവി ഞങ്ങളെ സ്വീകരിച്ചിരുത്തി സത്കരിച്ചു. ഒരഭിമുഖത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നകന്ന് ഒരു പങ്കു വയ്ക്കലിന്റെ സുഖത്തില്‍ സമയം കടന്നത് അറിഞ്ഞില്ല . ഒടുവിലാണ് ചെമ്മനം   ജംങ്ഷൻ വിഷയമായത് .ആ ബോര്‍ഡ് വന്ന വഴി അദ്ദേഹം തന്നെ വിശദീകരിച്ചു . ചെമ്മനം ചാക്കോയുടെ വീട് അന്വേഷിച്ച് പലരും വരാറുണ്ട് എന്ന  വിവരം പലവട്ടം അദ്ദേഹം കേട്ടു .പക്ഷെ , അങ്ങനെ ഒരാളും തന്നെ കാണാന്‍ വന്നിട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ തെല്ലൊരാകാംക്ഷ അദ്ദേഹത്തിനും കേള്‍വിക്കാര്‍ക്കും ഉണ്ടായിക്കൊണ്ടിരുന്നു ഒരു ദിവസം ഗേറ്റിനരികില്‍ സ്ഥലം പഞ്ചായത്ത് മെമ്പറു മായി സംസാരിച്ചു കൊണ്ട് നിന്ന കവിയോടുതന്നെ ഒരാള്‍ ചോദിച്ചു . 
"ഈ ചെമ്മനം ചാക്കോയുടെ വീടേതാ...?"
തന്റെ കവിതകള്‍ വായിച്ച് ആരാധന മൂത്ത ആരോ തന്നെ കാണാന്‍ എത്തിയതാണ് എന്ന അഹന്തയോടെ കവി പറഞ്ഞു . 
"ഞാന്‍ തന്നെയാണ്  ചെമ്മനം ചാക്കോ .എവിടെ  നിന്നും വരുന്നു....?എന്താ കാര്യം..?"
"ഏയ്‌ ... ഒന്നുമില്ല ... എന്റെ ബന്ധുവീട്ടില്‍ വന്നതാ .. ഇവിടെ നിന്നും മൂന്നാമത്തെ വീടാണെന്നാ  പറഞ്ഞത് ... "
നന്ദി പോലും പറയാതെ ബന്ധുവീട് കണ്ടെത്തിയ സന്തോഷത്തില്‍  അയാള്‍ നടന്നു പോയി . 
താനൊരു ചൂണ്ടുപലകയാണെന്ന  സത്യം കവി അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. 
"അങ്ങനെങ്കില്‍ നമുക്ക് അതങ്ങുറപ്പിച്ചാലൊ ...? "
 കേട്ട് നിന്ന മെമ്പര്‍ക്ക്‌ ആവേശമായി ... അപ്പോള്‍ തന്നെ കവിയില്‍ നിന്നും ഒരു അപേക്ഷയും വാങ്ങിയാണ് അയാള്‍ പോയത്.  മറ്റു സാങ്കേതിക കാര്യങ്ങളെല്ലാം വേഗം നടന്നു . 'ചെമ്മനം ജംങ്ഷന്‍' എന്ന ബോര്‍ഡ് അവിടെ സ്ഥാപിതമായി . ഇനി ആര്‍ക്കും വഴി ചോദിച്ച് വിഷമിക്കേണ്ടതില്ലല്ലോ .
 
 

4 comments:

  1. അദ്ദേഹത്തില്‍ നിന്നങ്ങിനെയൊരു പ്രതികരണം ഉണ്ടായില്ലെങ്കിലെ അത്ഭുതമുളളു...:)

    ReplyDelete
  2. താനൊരു ചൂണ്ടുപലകയാണെന്ന സത്യം കവി അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. ചെമ്മനം...പലപ്പോഴും ചൂണ്ട് പലകയായിരുന്നൂ..."ആളില്ലാ കസേരപോലെ"

    ReplyDelete
  3. ആ ചൂണ്ടുപലക വളരെ അർത്ഥവത്തായി തോന്നി.
    ആശംസകൾ...

    ReplyDelete